Tuesday, April 23, 2024
indiaNewspolitics

കേന്ദ്രസര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

 

കേന്ദ്രസര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നത് പെരുകുന്നു. വിരമിച്ചവരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമ്പോള്‍ നല്‍കുന്ന പ്രതിഫലം സംബന്ധിച്ച് കരട് മാനദണ്ഡങ്ങള്‍ തയാറാക്കി. വിരമിച്ച കരാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലം ഏകീകരിക്കുന്നതിനാണ് ഇത്. വിവിധ വകുപ്പുകളില്‍ നിന്നും മന്ത്രാലയങ്ങളില്‍നിന്നും ഇതിനായി 10 ദിവസത്തിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിലെ കരാര്‍ നിയമനം. വിരമിക്കുന്ന മാസം വാങ്ങിയ ശമ്പളത്തില്‍നിന്ന് ബേസിക് പെന്‍ഷന്‍ തുക കുറച്ചശേഷമായിരിക്കും വിരമിച്ചശേഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പ്രതിഫലം നല്‍കുക. കരാര്‍ സമയത്ത് ക്ഷാമബത്തയോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല. 60 വയസില്‍ വിരമിച്ചതിനുശേഷം അഞ്ചുവര്‍ഷം കൂടി മാത്രമേ ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാകൂ.അതേസമയം കേന്ദ്രസര്‍ക്കാര്‍ ഒഴിവുകളില്‍ പുതിയ നിയമനങ്ങള്‍ നടത്താത്തതില്‍ വിമര്‍ശനം ഉയരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുമ്പോഴാണ് കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ നിയമനം.