Friday, March 29, 2024
keralaNews

കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയര്‍മാന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? കെ.കൃഷ്ണന്‍കുട്ടിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിച്ചതാണോയെന്നും എംഎം മണി ചോദിച്ചു. ഇത് പിണറായി വിജയന്റെ സര്‍ക്കാരാണെന്നും, അശോകിന്റെ സര്‍ക്കാരല്ലെന്നും മണി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.”വൈദ്യുതി വകുപ്പിന്റെ ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. മന്ത്രി പറഞ്ഞിട്ടാണോ. അതോ മന്ത്രി പറയേണ്ടത് പുള്ളിയെ കൊണ്ട് പറയിച്ചതാണോ. ഇതിന്റെ നാനാവശങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് സംസാരിച്ച ശേഷം ഇതില്‍ കൂടുതല്‍ പ്രതികരണം നടത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാലര വര്‍ഷത്തോളം മന്ത്രിയായിരുന്നു. ആ നാലര വര്‍ഷം വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണ കാലമായിരുന്നു. വൈദ്യുതി ഉത്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ട് അശോകന്‍ പറഞ്ഞ കാര്യത്തെ പറ്റി വിശദമായി മനസിലാക്കേണ്ടതുണ്ടെന്നും’ എംഎം മണി പറഞ്ഞു.