Friday, March 29, 2024
HealthindiaNews

കുട്ടികള്‍ക്ക് ഇപ്പോള്‍ കൊറോണ വാക്സിന്‍ നല്‍കേണ്ടതില്ല

കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ഡോ.ജയപ്രകാശ് മുളിയില്‍ വ്യക്തമാക്കി. കണക്കുകളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.കുട്ടികളില്‍ കൊറോണ ബാധിച്ചുള്ള മരണനിരക്ക് തീരെ കുറവാണെന്ന കാരണം മുന്‍നിര്‍ത്തിയാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.

’12 വയസില്‍ താഴെയുള്ള കുട്ടികളില്‍ കൊറോണ മൂലമുള്ള ഒരു മരണം പോലും രാജ്യത്തുണ്ടായിട്ടില്ല.ക്യാന്‍സര്‍, രക്താര്‍ബുദം, മറ്റു രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സയിലിരിക്കേ മരിച്ച കുട്ടികളില്‍ കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ മരണങ്ങള്‍ക്കും കാരണം കൊറോണ ആണെന്നു പറയാന്‍ കഴിയില്ലെന്നാണ് സമിതിയുടെ അഭിപ്രായം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ തിടുക്കം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അതീവജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നതെന്നും വാക്സിനേഷന്‍ ആരംഭിക്കുന്നതിനു മുന്‍പ് ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും സര്‍ക്കാര്‍ വിദഗ്ധസമിതിയോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു. വികസിത രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ നല്‍കുന്നതിലുള്ള മെല്ലെപ്പോക്കിനെപ്പറ്റി പഠിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.