Wednesday, April 24, 2024
educationindiakerala

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സഞ്ചരിക്കുന്ന ക്ലാസ് മുറിയുമായി ഒരു അധ്യാപകന്‍

 

കോവിഡ് മൂലം കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സൈക്കിളില്‍ ചുറ്റുകയാണ് ഗ്വോട്ടിമാലയിലെ ഈ അധ്യാപകന്‍. ഗെറാര്‍ഡോ ലെക്‌സ്‌കോയ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്വന്തമായി പണം മുടക്കി ട്രൈസൈക്കിള്‍ വാങ്ങി നാട് ചുറ്റുന്നത്.ട്രൈസൈക്കിളില്‍ കയറി യാത്ര ചെയ്യുകയല്ല ഗെറാര്‍ഡ്. സഞ്ചരിക്കുന്ന ക്ലാസ് റൂമാണ് ഇദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച സൈക്കിള്‍ ക്ലാസ് റൂമില്‍ വൈറ്റ് ബോര്‍ഡും സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ പ്ലേയറും എല്ലാമുണ്ട്. ഓരോ ദിവസവും തന്റെ ട്രൈസിക്കിളില്‍ സാന്റാ ക്രൂസിലെ തന്റെ ഓരോ വിദ്യാര്‍ത്ഥികളുടേയും വീട്ടു പടിക്കല്‍ ഈ ആറാം ക്ലാസ് അധ്യാപകന്‍ എത്തും. നേരത്തേ വാട്‌സ് ആപ്പിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ കുട്ടികള്‍ ഇതിനോട് പ്രതികരിക്കാതായതോടെ പുതിയ ഉപായവുമായി അധ്യാപകന്‍ ഫീല്‍ഡിലേക്ക് ഇറങ്ങുകയായിരുന്നു.
മാത്രമല്ല, കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി റീചാര്‍ജ് ചെയ്യാനുള്ള പണം ഇല്ലെന്ന് രക്ഷിതാക്കളും പറഞ്ഞു. ഇതോടെയാണ് പണം മുടക്കില്ലാതെ വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകന്‍ ഇറങ്ങിത്തിരിച്ചത്.42 ശതമാനം മാത്രമാണ് പ്രദേശത്തെ സാക്ഷരതാ നിരക്ക്. ഇവിടെയുള്ള 13 ശതമാനം വീടുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതും. ഫോണ്‍ ഉള്ളതു തന്നെ ആഢംബരം. ഓണ്‍ലൈന്‍ ക്ലാസിനുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതൊന്നും ഇവിടുത്തുകാര്‍ക്ക് അസാധ്യം.കോവിഡ് കാരണം പലരുടേയും ജീവിത വരുമാനവും നിലച്ചു. ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത് തന്നെ ഏറെ പാടുപെട്ടാണ്. ഇതിനിടയില്‍ കുട്ടികളുടെ പഠനത്തിനായി റീചാര്‍ജ് ചെയ്യുന്നത് എങ്ങനെയെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.ഇതോടെയാണ് ഒരു കാരണവശാലും കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ചിന്തയില്‍ പഴയ ട്രൈസിക്കിള്‍ വാങ്ങി അധ്യാപകന്‍ നാടു ചുറ്റാന്‍ ഇറങ്ങിയത്.

Leave a Reply