Friday, April 19, 2024
keralaNewsObituary

കിളിമാനൂര്‍ ഇരട്ടക്കൊല കേസ് പ്രതി മെഡി. കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയും മരിച്ചു. ആക്രമണത്തിനിടെ പൊള്ളലേറ്റ ശശിധരന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകിട്ടാണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ഇയാള്‍ തീകൊളുത്തി കൊന്നത്.പകയുമായി നടന്നത് ഇരുപത്തിയേഴ് വര്‍ഷം, പകവീട്ടി… ആ പകയില്‍ത്തന്നെ എരിഞ്ഞമര്‍ന്നു ആ വിമുക്തഭടന്‍.അരുംകൊലയ്ക്കിടെ 85 ശതമാനം പൊള്ളലേറ്റ ശശീധരന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് വൈകീട്ട് നാലരയോടെ ശശിധരന്‍ നായരും മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം കിളിമാനൂരില്‍ അരങ്ങേറിയത്. കിളിമാനൂര്‍ – പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്റെ വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തിനില്‍ക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ്. വീടിന്റെ മുറ്റത്ത് ശശിധരന്‍നായര്‍ പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. വിമുക്തഭടനായ ശശീധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രഭാകരന്‍ നായരേയും വിമല കുമാരിയേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മണിക്കൂറുകളുടെ ഇടവേളയില്‍ അന്ന് തന്നെ മരിച്ചു. തന്റെ മകന്റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ചായിരുന്നു ശശിധരന്‍ നായര്‍ കൊടുംക്രൂരത. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്‌റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ മകന്‍ വിദേശത്ത് ജീവനൊടുക്കി. അതിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോയി.ശശിധരന്‍നായരുടെ മകളും കിണറ്റില്‍ ചാടി മരിച്ചു.                                                                                                                   ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിച്ചത്. കാലങ്ങള്‍ കാത്തിരുന്ന് പകതീര്‍ക്കാനെത്തിയ ശശിധരന്‍ നായര്‍ക്ക് സഹായവുമായി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം സാധ്യതകള്‍ തള്ളുകയാണ് പള്ളിക്കല്‍ പൊലീസ്. കേസിലെ ഏക പ്രതി മരിച്ചതോടെ കേസ് അന്വേഷണം എങ്ങിനെ അവസാനിപ്പിക്കണം എന്ന അങ്കലാപ്പിലാണ് അന്വേഷണ സംഘം.