Friday, April 26, 2024
keralaNews

കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ ശിശു വികസന, കൗൺസലിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ശിശു സൗഹൃദ ചൈൽഡ് ഡെവലപ്പ്മെൻറ്, കൗൺസലിംഗ് സെന്റർ മേരീക്വീൻസ് മൈൻഡ് കെയർ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം പ്രമുഖ സിനിമാതാരം മീനാക്ഷി അനൂപ് നിർവഹിച്ചു. ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, ഫാ. ബോബിൻ കുമരേട്ട് സി.എം.ഐ, പാസ്റ്ററൽ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഇവിടെ ഡോക്ടർമാർ ഉൾപ്പെടെ വിദേശത്തു നിന്നടക്കം പരീശീലനം നേടിയ കൗൺസിലർമാരുടെ സേവനം ലഭ്യമാകും. കുട്ടികളിലെ മാനസിക വളർച്ച സംബന്ധിച്ച പ്രശ്നങ്ങൾ, പഠന, വളർച്ചാ വൈകല്യങ്ങൾ, നാഡീസംബന്ധമായ വ്യതിയാനങ്ങൾ തുടങ്ങിയവയ്‌ക്കായി വിവിധ തെറാപ്പികളും, സൈക്കോളജിക്കൽ ടെസ്റ്റിംഗുകളും ലഭ്യമാണ്.സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും, ദമ്പതികൾക്കുമുള്ള കൗൺസലിംഗ് സേവനങ്ങൾ, എന്നിവയും ഇവിടെ ലഭ്യമാകുമെന്ന് സെന്റര് ഡയറക്ടർ റവ. ഡോ. തോമസ് മതിലകത്ത് സി.എം.ഐ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 8281598176 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.