Thursday, April 18, 2024
HealthLocal NewsNews

കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പസ് പദ്ധതിക്ക് തുടക്കം 

കാഞ്ഞിരപ്പളളി: മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടത്തുന്ന വിവിധ പരിസ്ഥിതി അവബോധന പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആശുപത്രിക്കുള്ളില്‍ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ ഭാഗമായി ഉദ്യാനവും, ഫലവൃക്ഷങ്ങളും ഉള്‍പ്പെടുന്ന പുതിയ പരിസ്ഥിതി സൗഹാര്‍ദ്ദ കാര്‍ പാര്‍ക്കിംഗ് ഏരിയ പാസ്റ്റര്‍ കെയര്‍ ഡയറക്ടര്‍ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.  ക്യാമ്പസ് പരിസ്ഥിതി സൗഹാര്‍ദമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുകയും മാലിന്യങ്ങള്‍ തരം തിരിച്ച് നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുവാനും ലക്ഷ്യമിടുന്നു. ഒപ്പം ആശുപത്രി ക്യാംപസില്‍ പരിസ്ഥിതി അവബോധ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു. പദ്ധതിയുടെ ഭാഗമായി ആശുപതിയില്‍ ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാജ്ജനം, ജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രവര്‍ത്തന സജ്ജമായി. ഘട്ടം ഘട്ടമായി പേപ്പറുകളുടെ ഉപയോഗം കുറച്ചുകൊണ്ട് ഇലക്ട്രോണിക് രൂപത്തിലേക്ക് പൂര്‍ണ്ണമായും മാറുന്ന ഇലക്ട്രോണിക് മെഡിക്കല്‍ ഡോക്യൂമെന്റ് പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ് എന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐ അറിയിച്ചു. ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ബെന്നി തോമസ്, സോണി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു