Saturday, April 20, 2024
keralaNews

കഴിഞ്ഞ ‘ശനി ‘ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ………. അത് കണ്ടകശനിയായിരുന്നു.

ചെറിയ ചാറ്റൽ മഴ …….  പിന്നെ മഴ തുടർന്നു …….. കുറച്ചു കഴിഞ്ഞപ്പോൾ അതിശക്തമായ മഴ …. മണിക്കൂറുകളോളം നിര്‍ത്താതെ ആ മഴ പെയ്തു.
മലയോരമേഖലയിൽ സർവനാശം വിതച്ച ഉരുൾപൊട്ടൽ  എട്ടുദിവസം പൂർത്തിയാകുമ്പോൾ  ഭീതിയുടെ  നിഴലിലാണ് ഇന്നും പ്രദേശവാസികൾ.മിനിറ്റുകൾ കൊണ്ട് സകല സമ്പാദ്യവും തകർന്നടിഞ്ഞ ഉരുൾ പൊട്ടൽ  ഇന്ന് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി തീരുകയാണ്. 
കോട്ടയം – ഇടുക്കി ജില്ലകളിൽപ്പെട്ട കൂട്ടിക്കൽ – കൊക്കയാർ മലയോരമേഖലകളിൽ ഇന്ന് അവശേഷിക്കുന്നത് ചെളിയും മാലിന്യങ്ങൾ നിറഞ്ഞ മാലിന്യകൂമ്പാരമാണ്. രണ്ടും പ്രദേശങ്ങളിലായി 25 ലധികം  പേരുടെ ജീവനാണ് ഉരുൾപൊട്ടൽ കവർന്നത്.
ഒഴുക്കിൽപ്പെട്ട് കാണാതായവരെ ഇനിയും കണ്ടെത്താനുണ്ട്. 610 ലധികം വീടുകൾ പൂർണ്ണമായും  728 ലധികം വീടുകൾ ഭാഗികമായും മേഖലകളിൽ തകർന്നു . ഉടുത്തിരുന്ന വസ്ത്രമൊഴികെ മറ്റെല്ലാം ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. മലമുകളിൽ നിന്നും ഒഴുകിയെത്തിയ മഴവെള്ളത്തിൽ  പാറകളും – മരങ്ങളും  കടപുഴകിയാണ്  മലയോര മേഖലയുടെ നാശത്തിന് വഴിയൊരുക്കിയത് . മഴയെ കുറിച്ച് സംസാരിച്ചു നിൽക്കുമ്പോൾ  മഴക്കെടുതി അകപ്പെട്ടുപോയവരുടെ വേദനയിലാണ് ഇന്നും ഈ ജനത.നാളിതുവരെയുള്ള സകല സമ്പാദ്യങ്ങളും  സ്വരൂപിച്ച് നിർമ്മിച്ച വീടുകൾ കൺമുമ്പിൽ തകർന്നത് കണ്ടു  മനസ്സ് മരവിച്ച വിലാപങ്ങളിൽ  ആ പകലിന്റെ നഷ്ടം ഇതുവരെ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ തവണ  ഉരുൾപൊട്ടലുണ്ടായ പുത്തുമലയും, പെട്ടിമുടിയും,കവളപ്പാറയും ദുരന്തവും മറക്കുന്നതിന് മുമ്പാണ് കൂട്ടിക്കലും കൊക്കയാറും വിലാപങ്ങളുടെ കേന്ദ്രമായി മാറുന്നത് . ഉരുൾപൊട്ടലിന്റെ അടിസ്ഥാനകാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മലയോര മേഖലയുടെ സർവ്വനാശത്തിന് പാറമടകളാണ് കാരണമെന്ന് ചിലർ പറയുന്നു. ഇതിന്റെ പേരിൽ രാഷ്ട്രീയക്കാർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുകയാണ്.  യഥാർത്ഥ കാരണം പഠിച്ച  ഇനി ഉരുൾപൊട്ടൽ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ കടമയാണ് . ദുരിത ബാധിതരുടെ പുനരധിവാസം  വലിയ ചോദ്യത്തിനും തന്നെയാണ്.ആരാണ് ഇവർക്ക് സ്ഥലവും വീടും നൽകുക. ആരാണ് ഇവരെ സംരക്ഷിക്കുക .എല്ലാവരും ആശ്രയിക്കുന്നതും അപേക്ഷിക്കുന്നുതും സംസ്ഥാന സർക്കാരിനോടാണ്.  ദുരന്തമേഖലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും , സന്നദ്ധ സംഘടനകളും , സാമൂഹിക സംഘടനകളും , ദുരിതമനുഭവിച്ചവർക്ക് കൈത്താങ്ങായി പ്രവർത്തിച്ചതും ശ്രദ്ധേയമാണ്. തുലാവർഷത്തിന്റെ വരവും കാത്തിരിക്കുന്ന ഈ വേളയിൽ  ആറുകളുടെയും – തോടുകളുടെയും  തീരത്ത് താമസിക്കുന്നവരും മലയടിവാരത്തിൽ താമസിക്കുന്നവരും പ്രത്യേകം  ജാഗ്രത പുലർത്തേണ്ടതുണ്ട് .