Thursday, March 28, 2024
Local NewsNews

കണമല കാട്ടുപോത്ത് ആക്രമണം ; റോഡ് ഉപരോധിച്ച നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു

എരുമേലി: കണമലയിൽ കാട്ട് പോത്തിന്റെ ആക്രമണത്തിൽ  രണ്ടുപേർ  മരിക്കാൻ ഇടയായതിനെ  തുടർന്ന്  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  നാട്ടുകാർ റോഡ് ഉപരോധിച്ചതിന്റെ പേരിൽ നൂറോളം പേർക്കെതിരെ  പോലീസ് കേസെടുത്തു.
10 മണിക്കൂറിൽ അധികമാണ് എരുമേലി –  പമ്പ,  മുണ്ടക്കയം, ഉമ്മിക്കുപ്പ  റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചത്. ശബരിമല തീർത്ഥാടകർ , മറ്റ് യാത്രക്കാർ,  സ്വകാര്യ ബസ്സുകൾ , സ്കൂൾ കോളേജ് കുട്ടികളുടെ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾക്ക് സമയ ബന്ധിതമായി സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് പ്രതിഷേധക്കാരും പോലീസുമായി നടന്ന ചർച്ചയിൽ ആളുകൾ പിരിഞ്ഞു പോയിരുന്നു. എന്നാൽ തുടർന്ന് സംഘടിച്ചെത്തിയ  നാട്ടുകാർ മണിക്കൂറുകളോളം പ്രതിഷേധത്തിന്  നീങ്ങുകയായിരുന്നു. ഇതിനെ  തുടർന്നാണ്  കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തു പോലീസ്  പറഞ്ഞു . കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ നേതൃത്വത്തിലുള്ള ഉന്നത അധികാരികളുടെ സംഘം കണമലയിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിന്റെ  അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാനും , കാട്ടുപോത്തിന്റെ  ആക്രമണത്തിൽ മരിച്ച രണ്ട് കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം  അടിയന്തര സഹായം നൽകാനും തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം ബാക്കി നഷ്ടപരിഹാരം നൽകുമെന്നും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. ഇതിനിടെ കാട്ട് പോത്തിന്റെ ആക്രമണത്തിൽ  മരിച്ച തോമസ് ആന്റണിയുടെ  ശവസംസ്കാരം ഇന്ന് വൈകിട്ട് 4  മണിക്ക് കണമല സെന്റ്  തോമസ് പള്ളിയിൽ നടക്കും.