Saturday, April 20, 2024
keralaNews

ഒടുവില്‍ ശ്രീജയ്ക്ക് നീതി, തെറ്റ് തിരുത്തി പി.എസ്.സി

കോട്ടയം:വ്യാജ സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്ന് പി.എസ്.സി ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി. പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്. ശ്രീജയ്ക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തില്‍ പിഴവ് ബോധ്യമായ പി.എസ്.സി ഇന്ന് ശ്രീജയെ കോട്ടയത്തെ ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തിയാണ് അര്‍ഹതപ്പെട്ട നിയമന ശുപാര്‍ശ അവര്‍ക്ക് കൈമാറിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടൊണ് കോട്ടയം പി.എസ്.സി ഓഫീസില്‍ എത്തി ശ്രീജ ഭര്‍ത്താവിനൊപ്പം നിയമന ശുപാര്‍ശ ഏറ്റു വാങ്ങിയത്.

അര്‍ഹതപ്പെട്ട നിയമനം പോരാട്ടത്തിലൂടെ നേടിയെടുക്കുമ്പോള്‍ ശ്രീജ നന്ദി പറയുന്നത് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനുമാണ്. ജോലി വേണ്ടെന്ന് തന്റെ പേരില്‍ മറ്റൊരാള്‍ വ്യാജ സമ്മത പത്രം നല്‍കിയത് മൂലമാണ് അര്‍ഹതപ്പെട്ട നിയമനം ശ്രീജയ്ക്ക് കിട്ടാതെ പോയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 233 ആം റാങ്ക് ആയിരുന്നു പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂര്‍ എസ് ശ്രീജയ്ക്ക്. എന്നാല്‍ കൊല്ലം സ്വദേശിനിയായ മറ്റൊരു ശ്രീജയില്‍ നിന്ന് ചിലര്‍ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രത്തിന്റെ പേരിലാണ് എസ്.ശ്രീജയ്ക്ക് നിയമനം നിഷേധിക്കപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും പി.എസ്.സി വ്യക്തമായ ഉത്തരം നല്‍കുന്നില്ല.