Friday, March 29, 2024
News

എല്ലാ മരണവും കൊവിഡ് മൂലമാണെന്ന് കണക്കാക്കാനാകില്ലെന്ന്: മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരില്‍ മരണമടയുന്ന എല്ലാവരുടേതും കൊവിഡ് മൂലമുള്ള മരണമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി. ഇതിന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന പ്രത്യേക മാര്‍ഗരേഖയുണ്ട്. അതനുസരിച്ചാകും കൊവിഡ് മരണങ്ങള്‍ കണക്കാക്കുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനുള്ള നടപടിക്രമങ്ങളും വിശദീകരിച്ചു. ഒപ്പം കേരളത്തിന്റെ ടെസ്റ്റിംഗ് നിരക്ക് കുറവാണെന്ന ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളയുന്നു.
”മാധ്യമങ്ങള്‍ കുറേയേറെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു, അത് കണക്കിലില്ല എന്നും പരാതി വരുന്നു. എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല. കൊവിഡ് പോസിറ്റീവായ ആള്‍ മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. ഡബ്ല്യുഎച്ച്ഒ മാര്‍ഗരേഖ അനുസരിച്ച് ആണ് കൊവിഡ് മരണം സ്ഥിരീകരിക്കുക. ഇതനുസരിച്ച് കൊവിഡ് മൂര്‍ച്ഛിച്ച് അത് മൂലം അവയവങ്ങളെ ബാധിച്ച് മരണമടഞ്ഞാലേ അത് കൊവിഡ് മരണമാകൂ”, മുഖ്യമന്ത്രി പറയുന്നു.
”ഉദാഹരണത്തിന് കൊവിഡ് ബാധിച്ചയാള്‍ മുങ്ങി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തില്‍ മരിച്ചാലോ അത് കൊവിഡ് മരണമല്ല, മരണകാരണമായേക്കാവുന്ന ഗുരുതരമായ മറ്റ് രോഗമുള്ളയാള്‍ മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. രോഗം മൂര്‍ച്ഛിക്കാന്‍ കാരണം കൊവിഡാണോ എന്ന് പരിശോധിച്ച ശേഷമേ പറയാനാകൂ. ഇത് ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘമാണ് തീരുമാനിക്കുക”, മുഖ്യമന്ത്രി വ്യക്തമാക്കി.ശ്വാസതടസ്സമുള്ളവര്‍, ഗര്‍ഭിണികള്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട് . ലാബുകളിലെ സൗകര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply