Saturday, April 20, 2024
keralaNews

എരുമേലി പട്ടണത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം പി സി ജോർജ് ;  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ എംഎൽഎ യുടെ ജനവിരുദ്ധ സമീപനങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എരുമേലി പട്ടണത്തിന്റെ ദുരവസ്ഥയെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ലോകത്തിലെ തന്നെ ഒരു വർഷം ഏറ്റവുമധികം തീർത്ഥാടകർ എത്തിച്ചേരുന്ന പട്ടണങ്ങളിലൊന്നാണ് എരുമേലി.  കാലാനുസൃതമായ അടിസ്ഥാന സൗകര്യ വികസനങ്ങളൊന്നും എരുമേലിയിൽ നടപ്പിലാക്കുവാൻ എംഎൽഎ തയ്യാറായിട്ടില്ല. ഇദ്ദേഹത്തിന്റെ പിടിപ്പു കേടും, അഴിമതിയും, സ്വജനപക്ഷ പാതവുമാണ് ഇതിന് കാരണം.എരുമേലി ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനതായ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയില്ലെന്ന് മാത്രമല്ല, എരുമേലിയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടുകൾ പോലും വ്യക്തി താല്പര്യങ്ങളുടെ പേരിൽ പാഴാക്കി കളയുകയാണ് ഇദ്ദേഹം ചെയ്തത്. കഴിഞ്ഞ 3 പതിറ്റാണ്ടിലധികം ജനപ്രതിനിധി ആയിരുന്നിട്ടും എരുമേലി ടൌൺ ഷിപ്പ് എന്നത് യാഥാർഥ്യമാക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.എരുമേലി സൗത്ത് വാട്ടർ സപ്ലൈ സ്കീമിനായി സംസ്ഥാന സർക്കാർ അനുവദിച്ചത് 60 കോടി രൂപയാണ്. പൂഞ്ഞാർ മണ്ഡലത്തിലെ പൊതു ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നിരുന്നിട്ട് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പൈപ്പ് കണക്ഷൻ പോലും ഇന്നേവരെ നൽകുവാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. എരുമേലിയിൽ ഒരു ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2018ൽ പിണറായി സർക്കാർ അനുമതി നൽകിയതാണ്. ഈ വിഷയത്തിലും സഹജമായ അലംഭാവമാണ് ഇദ്ദേഹം കാണിച്ചത്. ഫയർ സ്റ്റേഷനായി സ്ഥലം ഏറ്റെടുത്ത് നൽകുവാനോ, തുടർ നടപടികൾ സ്വീകരിക്കുവാനോ ഇദ്ദേഹം തയ്യാറായില്ല.മറ്റുള്ളവരെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും, വ്യക്തികളെയും പ്രസ്ഥാനങ്ങളെയും മത – സാമുദായിക സംഘടനകളെ അധിക്ഷേപിക്കുകയും ചെയ്ത് മണ്ഡലത്തെ അപമാനിക്കുന്ന ഒരാളെ ഇനിയും ചുമലിലേറ്റേണ്ട ചുമതല്ല പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കില്ലെന്നും അദ്ദേഹം  പറഞ്ഞു .