Thursday, April 25, 2024
keralaNewspolitics

ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ കെ പി സി സി നേതൃത്വം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ കെ പി സി സി നേതൃത്വം. ഇരുവര്‍ക്കും എതിരെ ഹൈക്കമാണ്ടിനു പരാതി നല്‍കാന്‍ തീരുമാനം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന പരാതി. ഇവര്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതൃത്വം പറയുന്നു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസത്തെ യുഡിഫ് യോഗം ബഹിഷ്‌ക്കരിച്ചതിന് ഒരു കാരണവും ഇല്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂര്‍വമാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോള്‍ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്.

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാന്‍ ഈ നേതാക്കള്‍ ശ്രമിക്കുകയാണ്. ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതത്വം ഹൈക്കമാണ്ടിനെ അറിയിക്കും. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പരാതി ഉള്ളത് പാര്‍ട്ടി പുന:സംഘടനയില്‍ ആണ്. ഈ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാര്‍ ആയിട്ടും വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതത്വം പറയുന്നു.