Thursday, April 25, 2024
keralaNews

ഉതൃട്ടാതി ജലമേള,തിരുവോണത്തോണി വരവേല്‍പ്പ്, വള്ളസദ്യയും നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം

കൊറോണയുടെ പശ്ചാത്തലത്തില്‍ ആറന്മുള ഉതൃട്ടാതി ജലമേള, തിരുവോണത്തോണി വരവേല്‍പ്പ്, വള്ളസദ്യ ചടങ്ങുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം. തിരുവോണ തോണിയിലും അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളിലും 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനം അനുവദിക്കില്ല.ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേല്‍പ്പ് ആചാരപരമായി 40 പേരെ പങ്കുടുപ്പിച്ചുകൊണ്ട് നടത്തും. കഴിഞ്ഞ വര്‍ഷം 20 പേര്‍മാത്രമാണ് തോണിയില്‍ പ്രവേശിച്ചിരുന്നത്. തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി 3 മേഖലയില്‍ നിന്ന് ഓരോ പള്ളിയോടങ്ങള്‍ എന്ന ക്രമത്തില്‍ 3 പള്ളിയോടങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേര്‍ വീതമേ പങ്കെടുക്കൂ. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ ഒരു ഡോസ് കൊറോണ വാക്‌സിനെങ്കിലും എടുത്തിരിക്കുകയും ഇതിന് പുറമേ ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല. ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 25 ന് 3 പള്ളിയോടങ്ങള്‍ പങ്കെടുത്തുകൊണ്ട് ജലഘോഷയാത്രയായി നടത്തും. ഇവര്‍ക്ക് ക്ഷേത്രക്കടവില്‍ വെറ്റപുകയില, മാല, അവല്‍, പ്രസാദം എന്നിവ നല്‍കി പള്ളിയോട സേവാസംഘം സ്വീകരിക്കും. മത്സര വള്ളം കളി ഇക്കുറി ഉണ്ടാവില്ല.ജലമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍. പള്ളിയോട സേവാസംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആദ്യം നടത്താനും പുതിയ സമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15ഓടെ വീണ്ടും യോഗം ചേര്‍ന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും.എല്ലാചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.