Saturday, April 20, 2024
keralaNews

ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമാണ്. കേരളം എവിടേക്കാണ് പോകുന്നതെന്നും കോടതി പരാമര്‍ശം. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ടു സ്ത്രീകളെയാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബലിനല്‍കിയത്. നരബലിയ്ക്കായി ഇവര്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ചു നല്‍കുകയും ചെയ്തത് കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദാണ്. നരബലി ആസൂത്രണം ചെയ്തതിന്റെയും നടപ്പാക്കിയതിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.

ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയ ലോട്ടറി വില്‍പ്പനക്കാരായ പത്മ, റോസിലി എന്നിവരുടെ മൃതദേഹം കണ്ടെത്തി. പ്രതികള്‍ മൂന്നു പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തില്‍ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമാണ് കുറ്റസമ്മതം. റോസ്ലിനെ കാണാനില്ലെന്ന് കാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നല്‍കിയ പരാതികളില്‍ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുക്കുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.