Friday, April 26, 2024
keralaNews

ഇരട്ട ജീവപര്യന്തമെന്ന വിധി വരുമ്പോഴും കോടതി മുറിയില്‍ സൂരജ് നിര്‍വ്വികാരന്‍

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി തന്നെ വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് ലഭിച്ച ഇരട്ടജീവപര്യന്തം വധശിക്ഷയ്ക്ക് സമാനമോ?.പ്രതിഷേധങ്ങളും ചര്‍ച്ചകളും തുടങ്ങി.ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജ് ഇരട്ട ജീവപര്യന്തമെന്ന വിധി വരുമ്പോഴും കോടതി മുറിയില്‍ നിര്‍വ്വികാരനായിരുന്നു.സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നല്‍കാത്തതെന്നാണ് വിചാരണകോടതി വ്യക്തമാക്കിയത്. മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും സൂരജിന് തുണയായി. അപ്പോഴും ജീവിതകാലം മുഴുവന്‍ സൂരജ് ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടപരിഹാരമായി അടയ്‌ക്കേണ്ട അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് നല്‍കണമെന്നാണ് കോടതി വിധി.ഇതിന് പുറമേ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയോട് കുട്ടിക്ക് വിക്ടിം കോംപന്‍സേഷന്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്.നാല് വകുപ്പുകള്‍ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം,നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വര്‍ഷത്തെയും ഏഴ് വര്‍ഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി. അതായത് പതിനേഴ് വര്‍ഷത്തിന് ശേഷം മാത്രമേ ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയുള്ളൂ. പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടൈങ്കിലും ഈ കേസില്‍ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതായത് മേല്‍ക്കോടതി വിധികളോ സര്‍ക്കാര്‍ തീരുമാനമോ ഉണ്ടായില്ലെങ്കില്‍ ജീവതാവസാനം വരെ തടവില്‍ കിടക്കണം. കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷന്‍സ് മജിസ്‌ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്.