Thursday, April 25, 2024
indiaNewsUncategorized

ഇന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ കൊട്ടിക്കലാശം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ കൊട്ടിക്കലാശം എന്ന് വിശേഷിപ്പാക്കാവുന്ന ബീറ്റിംഗ് ദ റിട്രീറ്റ് പരിപാടി ഇന്ന് നടക്കും. വിജയ്ചൗക്കില്‍ രാഷ്ട്രപതിക്ക് മുമ്പാകെയാണ് സൈനിക വാദ്യസംഘങ്ങളുടെ പ്രദര്‍ശനം നടക്കുക. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മൂന്ന് സേനകളുടെ തലവന്മാ രുടേയും മുന്നിലാണ് സംഗീതസാന്ദ്രമായ ഔദ്യോഗിക ചടങ്ങ് നടക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളുടേയും വാദ്യസംഘം നടത്തുന്ന വിപുലമായ സംഗീത പ്രദര്‍ശനമാണ് ബീറ്റിംഗ് ദ റിട്രീറ്റ്.

ഒരാഴ്ച നീണ്ടുനിന്ന റിപ്പബ്ലിക് ചടങ്ങുകള്‍ക്ക് ശേഷം തലസ്ഥാന നഗരിയില്‍ ഒത്തുചേര്‍ന്ന മൂന്ന് സേനാ വിഭാഗങ്ങളും അവരുടെ സര്‍വ്വസൈന്യാധിപനെ കണ്ട് ഉപചാരം ചൊല്ലിപിരിയലായി ബീറ്റിംഗ് ദ റിട്രീറ്റിനെ വിശേഷിപ്പിക്കാം. ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷം ആരംഭിക്കുന്ന പരിപാടി ദീപാലങ്കാര ത്തോടെയാണ് പതിവുപോലെ അവസാനിക്കുക. ഇത്തവണ ത്രിസന്ധ്യയെ സാക്ഷിയാക്കി ആയിരത്തിലേറെ സൈനിക ഡ്രോണുകള്‍ ആകാശവിസ്മയം തീര്‍ക്കുമെന്നതാണ് സവിശേഷത.

ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ഏറെ പുതുമകളാണ് ഇത്തവണ ബീറ്റിംഗ് ദ റിട്രീറ്റിലുള്ളത്. വാദ്യസംഘം പാശ്ചാത്യ ബാന്റ് രചനകള്‍ക്ക് പകരം ഇന്ത്യന്‍ സംഗീതം ആലപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം സമാപനത്തില്‍ ആയിരം തദ്ദേശീയ ഡ്രോണുകള്‍ ഉപയോഗിക്കുന്ന വര്‍ണ്ണവിസ്മയക്കാഴ്ചയാണ് കണ്ണുകള്‍ക്ക് വിരുന്നാവുക. ആസാദി കാ അമൃത മഹോത്സവം എന്നതിനെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ ആകാശത്ത് ഡ്രോണുകള്‍ വരച്ചുകാട്ടും. ഐ.ഐ.ടി ഡല്‍ഹിയുടെ നേതൃത്വത്തില്‍ ബോട്ലാബ് ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ഡ്രോണ്‍ ഷോ ഒരുക്കുന്നത്.

23-ാംതിയതി സുഭാഷ് ചന്ദ്രബോസ് ജയന്തി മുതല്‍ ആരംഭിച്ച ഔദ്യോഗിക പരിപാടികളാണ് ഇന്ന് അവസാനിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ജനുവരി 23 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളായി ആഘോഷങ്ങള്‍ നടത്തണ മെന്നാണ് തീരുമാനം.