Friday, April 19, 2024
AstrologykeralaNews

ഇന്ന് കര്‍ക്കിടകം ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം മാസാരംഭം. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും.                                                                     

വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം.
തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. രാമായണമാസം കൂടിയാണ് കര്‍ക്കിടകം. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേള്‍വിയില്‍ സുകൃതമേകാന്‍ രാമകഥകള്‍ പെയ്യുന്ന കര്‍ക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. രാമായണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ രാഗ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം.  ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം നമ്മുടെ ജീവിതത്തെ ധന്യമാക്കട്ടെ.