Thursday, April 25, 2024
indiaNews

ഇന്ത്യയുടെ 15ാമത് രാഷ്ട്രപതി തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി

ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണു മത്സരം. 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നു കരുതുന്ന ദ്രൗപദി മുര്‍മു ജയമുറപ്പിച്ചു. വോട്ടെണ്ണല്‍ 21ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. പുതിയ രാഷ്ട്രപതി അടുത്ത തിങ്കളാഴ്ച സ്ഥാനമേല്‍ക്കും.എംപിമാരും എംഎല്‍എമാരുമായി ആകെ 4809 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാര്‍ക്ക് പച്ച നിറമുള്ള ബാലറ്റും എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റുമാണ്. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെന്‍സസ് പ്രകാരം) അനുസരിച്ചാണ് എംഎല്‍എമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 152. ആകെ വോട്ടര്‍മാരുടെ വോട്ടുമൂല്യം 10,86,431.ഇപ്പോഴത്തെ സാഹചര്യത്തില്‍ 6.67 ലക്ഷം വോട്ടുകള്‍ ദ്രൗപദി മുര്‍മുവിനു കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിയാകും അവര്‍. തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചു മാത്രമേ ബാലറ്റില്‍ വോട്ടു രേഖപ്പെടുത്താനാവൂ. മറ്റു പേനകളുപയോഗിച്ചാല്‍ അസാധുവാകും.

രാവിലെ 10 മുതല്‍ 5 വരെയാണു വോട്ടിങ്. പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലും അതതു നിയമസഭകളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. 94 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും മുര്‍മുവും സിന്‍ഹയും മാത്രമേ മത്സരരംഗത്ത് അവശേഷിക്കുന്നുള്ളൂ. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി.മോദിയാണ് വരണാധികാരി.