Thursday, March 28, 2024
indiaNewspolitics

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു.

ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്കു പുറമെയാണ് രാജീവ് കുമാറിന്റെ നിയമനം. 1960 ഫെബ്രുവരി 19ന് ജനിച്ച രാജീവ് കുമാര്‍ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര സര്‍വീസിലും ബീഹാര്‍-ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വീസുകളിലുമായി 36 വര്‍ഷത്തിലേറെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി എസ് സി, എല്‍എല്‍ബി, പിജിഡിഎം, എംഎ പബ്ലിക് പോളിസി എന്നിവയില്‍ ബിരുദധാരിയായ രാജീവ് കുമാറിന് സാമൂഹികം, വനം-പരിസ്ഥിതി, മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിങ് എന്നീ മേഖലകളില്‍ പ്രവൃത്തി പരിചയമുണ്ട്.

2020 ഫെബ്രുവരിയില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് വിരമിച്ചത്. അതിനുശേഷം 2020 ഏപ്രിലില്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി. 2020 ആഗസ്ത് 31ന് സ്ഥാനമൊഴിഞ്ഞു. 2015-17 കാലയളവില്‍ പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫിസര്‍ എന്ന ചുമതല വഹിച്ചു. അതിനു മുമ്ബ് ധന വിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി, വനം-പരിസ്ഥിതി, ഗോത്രകാര്യ മന്ത്രാലയം, സംസ്ഥാന സര്‍വീസില്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാന ശാഖയിലും അതീവ താല്‍പര്യം പ്രകടിപ്പിക്കുന്ന രാജീവ് കുമാര്‍ ട്രെക്കിങിലും തല്‍പരനാണ്.