Friday, April 26, 2024
keralaNews

ഇനി മുതല്‍ രാത്രി സമയത്തും മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം

കൊച്ചി: ഇനി മുതല്‍ രാത്രി സമയത്തും മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി. അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ആറ് കൊല്ലം മുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു.സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികള്‍ കൂടി കണക്കിലെടുത്ത് ഫോറന്‍സിക് സര്‍ജന്‍മാര്‍ സഹകരിക്കണം. ആശുപത്രികളിലെ സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോര്‍ട്ടം വൈകിക്കാനാകില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മൃതദേഹങ്ങളോട് അവഗണന വേണ്ട. അസ്വാഭാവിക മരണങ്ങളില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണം.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്യണമെന്നും ഇതിലുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. മരിച്ചയാളുടെ ബന്ധുക്കള്‍ മൃതദേഹത്തിനായി ആശുപത്രിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കണം. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കണം. ഇത് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. സമയപരിധി തീരുമാനിക്കാന്‍ ആറുമാസത്തിനകം ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.