Thursday, April 25, 2024
keralaNews

ഇത്തവണത്തെ ഓണാഘോഷം മുന്‍കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഓണാഘോഷം മുന്‍കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കരുതലോടെ ആവണം ഓണത്തെ വരവേല്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്നും സമൂഹസദ്യയും മറ്റു പൊതു പരിപാടികളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എല്ലാ മലയാളികള്‍ക്കും ഓണാശംസ നേര്‍ന്ന മുഖ്യമന്ത്രി ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തെ മറികടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശയോടെയാവട്ടെ ഇത്തവണത്തെ ഓണാഘോഷം എന്നും പറഞ്ഞു. ‘ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷയാണ് ഓണം,’ മുഖ്യമന്ത്രി പറഞ്ഞു.
‘രോഗം പിടിപെടാതിരിക്കാന്‍ നാം ഓരോരുത്തരം ശ്രദ്ധിക്കണം. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി. അസാധാരണമായ ഒരു ലോകസാഹചര്യം.അതുകൊണ്ട് തന്നെ അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശ പടര്‍ത്തികൊണ്ടാകണം ഓണാഘോഷം.’

‘ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്ന പതിവില്‍ നിന്ന് ഇത്തവണ വിട്ടുനില്‍ക്കാന്‍ എല്ലാവരും തയ്യാറാവണം. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്ന പ്രായമായവരെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. പരിമിതികളുണ്ടെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം സംസാരിക്കാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കണമെന്നും,’ അദ്ദേഹം പറഞ്ഞു.

‘ഉത്രാട ദിനത്തിലെ തിരക്കൊഴിവാക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കടകളില്‍ പോകുമ്പോള്‍ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവര്‍ കൈകള്‍ സാനിറ്റൈസ് ചെയ്യാനും മാസ്‌ക് ധരിക്കാനും തയ്യാറാവണം.’

‘നേരത്തെ ഓണക്കാലത്ത് കടകളില്‍ തിരക്ക് കൂടുമ്പോള്‍ ഷട്ടര്‍ താഴ്ത്തുന്ന രീതി ചില കടക്കാര്‍ സ്വീകരിക്കാറുണ്ട്. ഇത്തവണ നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയില്‍ കയറ്റാവു എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കടകളിലെ സാധ്യതക്ക് അനുസരിച്ചുള്ളവര്‍ മാത്രമേ ഒരു സമയത്ത് കടകളിലുണ്ടാവാന്‍ പാടുള്ളൂ. പഴയ പോലെ ഷട്ടര്‍ അടച്ചിടാന്‍ പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.

‘ഫോണിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വീട്ടില്‍ ഡെലിവറി ചെയ്യാനും കഴിയുന്ന സാഹചര്യമുള്ളവര്‍ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാന്‍ പറ്റുന്ന കടകളില്‍ തിരക്ക് കുറവാണോ എന്ന് അന്വേഷിച്ച് ഉറപ്പിച്ച ശേഷം പോവാന്‍ ശ്രമിക്കുക.കടകളിലെ തിരക്ക് കുറയുമെന്ന ധാരണയോടെയാണ് കടകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചത്.’

‘പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിന്‍ കൗണ്ടര്‍ വേണം. കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയില്‍ വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്‌തെന്ന് ഉറപ്പാക്കണം. കടയില്‍ നിന്ന് വീട്ടിലെത്തിയാല്‍ ഉടന്‍ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കയറാന്‍. ‘ഇത്തരം മുന്‍കരുതല്‍ എടുത്തുകൊണ്ട് രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്ത് വേണം ഇത്തവണ നാം ഓണം ആഘോഷിക്കേണ്ടത്. നാം എല്ലാവരും അത്തരമൊരു തിരുമാനത്തിലേക്കാണ് എത്തേണ്ടത്,’ മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.