Wednesday, April 24, 2024
keralaNews

ഇടുക്കി ഡാം തുറന്നു;ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു.

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.അതേസമയം ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. രാവിലെ 40 സെന്റിമീറ്റര്‍ തുറന്ന ഷട്ടര്‍ 60 സെന്റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ 60000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്കൊഴുകുന്നത്. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അടിക്കടി മഴയുണ്ടാകുന്നുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്നാട് 9 മണിയോടെ മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഈ വര്‍ഷം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.