Wednesday, April 24, 2024
indiaNews

ആ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം സോണിയക്ക്’; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രണബ് മുഖര്‍ജിമുഖര്‍ജിയുടെ ആത്മകഥ..

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനുമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയില്‍ വിമര്‍ശനം. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മോദി സ്വേച്ഛാധിപത്യ ശൈലിയിലാണ് ഭരിച്ചതെന്നും പ്രണബ് മുഖര്‍ജി വിലയിരുത്തുന്നു. മരണത്തിനു മുമ്പ് പൂര്‍ത്തിയാക്കിയ ആത്മകഥയുടെ നാലാം ഭാഗം അടുത്തമാസം പുറത്തിറങ്ങും.

ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്, 2012 മുതല്‍ 17 വരെയുള്ള രാഷ്ട്രപതിക്കാലം. ഇവിടെയാണ്, പ്രണബിന്റെ നീരീക്ഷണങ്ങളും തുറന്നുപറച്ചിലുകളും. കോണ്‍ഗ്രസ് പാര്‍ട്ടിയും ഭരണവും ഒരുപോലെ പരാജയപ്പെട്ടെന്ന് പറയുന്നു പ്രണബ് മുഖര്‍ജി. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായില്ല. സഖ്യം സംരക്ഷിക്കുന്ന തിരക്കില്‍, മന്‍മോഹന് ഭരണമികവ് പുറത്തെടുക്കാനായില്ല. പ്രധാനമന്ത്രിയായിരുന്നിട്ടും, എംപിമാരുമായി മന്‍മോഹന്‍ സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പ്രണബ് നിരീക്ഷിക്കുന്നു. 2004 ല്‍ ഞാന്‍ ധനമന്ത്രിയായിരുന്നെങ്കില്‍ 14 ലെ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെടുമായിരുന്നു, എന്ന് നിരീക്ഷിക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സില്‍ കുറിച്ചിട്ടുണ്ട്.

മോദിയുടെ സ്വേച്ഛാധിപത്യശൈലി, സര്‍ക്കാരും പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം മോശമാക്കിയെന്നാണ് പ്രണബന്റെ നിരീക്ഷണം. രണ്ടാംമോദി സര്‍ക്കാരില്‍ സ്ഥിതി മാറുമോ എന്ന് കണ്ടെറിയണമെന്ന്, മണ്‍മറയും മുമ്പ് പ്രണബ് മുഖര്‍ജി എഴുതി വച്ചിട്ടുണ്ട്. കണ്ടിടത്തോളം മാറ്റമില്ലെന്ന് വായനക്കാരന്, തറുതലയെഴുതാന്‍ പാകത്തിനൊരു നിരീക്ഷണം. ദ ഡ്രമാറ്റിക് ഡികേഡ്: ദ ഇന്ദിര ഗാന്ധി ഇയേഴ്‌സ്, ദ ടര്‍ബുലന്‍ഡ് ഇയേഴ്‌സ്, ദ കോയിലേഷന്‍ ഇയേഴ്‌സ് എന്നിവയാണ് നേരത്തെ, പുറത്തിറങ്ങിയ മൂന്നുഭാഗങ്ങള്‍. നാലാം ഭാഗം പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് ജനവുരി ആദ്യം പുറത്തിറങ്ങുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍ വ്യക്തമാക്കി.