Thursday, April 25, 2024
keralaNews

ആശുപത്രികളില്‍ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് ധരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് ധരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്.ആവശ്യമുള്ളിടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര സമിതി നേരത്തേ രൂപികരിച്ചിരുന്നു. നാലംഗ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ആര്‍എഒ, നഴ്സിംഗ് ഓഫിസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധന്‍ എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.