Friday, March 29, 2024
keralaNews

ആലുവയില്‍ മൂന്നുവയസ്സുകാരന്‍ മരിച്ചത് ശ്വാസം മുട്ടല്‍ മൂലം.

ആലുവയിലെ മൂന്നുവയസ്സുകാരന്‍ മരിച്ചത് ശ്വാസം മുട്ടല്‍ മൂലം. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനാഫലം. ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും പരിശോധനാഫലത്തില്‍ വ്യക്തമായി.മൂന്നു വയസുകാരന്റെ മരണത്തില്‍ ചികിത്സ പിഴവുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
രാസപരിശോധനാ ഫലത്തെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് പതോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചിട്ടുള്ളത്. രാസപരിശോധനാ ഫലം പൊലീസ് സര്‍ജന് കൈമാറി. കുട്ടിയുടെ മരണത്തില്‍ യാതൊരു ചികിത്സാപിഴവും ഇല്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണു പുറത്തു വന്നിരിക്കുന്നത്. വിഴുങ്ങിയ നാണയങ്ങള്‍ വന്‍കുടലും കടന്ന് എത്തിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.എന്നാല്‍ നാണയം കടന്നു വന്ന സ്ഥലങ്ങളിലൊന്നും യാതൊരു മുറിവോ പഴുപ്പോ ഉണ്ടായിരുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

കുട്ടിക്ക് ന്യൂമോണിയ മൂലം ശ്വാസകോശത്തിന് കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ന്യുമോണിയയ്ക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയോളം ചികിത്സിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തണുപ്പടിച്ചാല്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത് എന്നാണ് വിശദീകരണം. കോശങ്ങളിലെ ഓക്‌സിജന്റെ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നു. പതോളജി റിപ്പോര്‍ട്ടില്‍ ശ്വാസകോശം പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥയിലായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.