Wednesday, April 24, 2024
keralaNewspolitics

ആറന്മുളയില്‍ ഇടതു മുന്നണി തോല്‍വി സമ്മതിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായര്‍

ആറന്മുളയില്‍ ഇടതു മുന്നണി തോല്‍വി സമ്മതിച്ചെന്നും പരാജയത്തിനു ന്യായീകരണം കണ്ടെത്താനാണ് ഇപ്പോള്‍ സി.പി.എം ശ്രമമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ട ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വോട്ടുകള്‍ ഇക്കുറി ഭിന്നിച്ചു പോയെന്നും ശിവദാസന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

‘തനിക്ക് ബി.ജെ.പി വോട്ടുകള്‍ ലഭിച്ചട്ടില്ല. പകരം കഴിഞ്ഞ തവണ ബി.ജെ.പിയിലേക്ക് പോയ യു.ഡി.എഫ് വോട്ടുകള്‍ തിരികെ വരുകയാണുണ്ടായത്. പ്രാദേശിക കാരണങ്ങളാല്‍ യു.ഡി.എഫിലെ ഒരു വിഭാഗം കഴിഞ്ഞ തവണ മാറി വോട്ടുചെയ്തു. യു.ഡി.എഫിലെ ഐക്യം, ശക്തമായ പ്രചാരണം എല്ലാം മുന്നണിയുടെ വിജയത്തിന് കാരണമാകും’. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് സി.പി.എം ശ്രമിച്ചുവെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

അതേസമയം, ഇടതുപക്ഷം ഉറച്ച വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ആറന്മുള മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ വീണ ജോര്‍ജാണ് ഇത്തവണയും ഇടത് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എയായിരുന്ന ശിവദാസന്‍ നായര്‍ക്കെതിരെ 7,646 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വീണാ ജോര്‍ജിന്റെ വിജയം. ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബിജു മാത്യുവും മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.