Friday, April 19, 2024
keralaNews

ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്.

ഓണത്തിന് നല്‍കാനുള്ള 881834 കിറ്റുകള്‍ ജില്ലയില്‍ അവസാനഘട്ട ഒരുക്കത്തില്‍. പാക്കിങ് പൂര്‍ത്തിയാക്കി ജൂലൈ 26 മുതല്‍ റേഷന്‍ കടകളില്‍ കിറ്റുകള്‍ എത്തും. ആഗസ്റ്റ് ഒന്നു മുതല്‍ കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭ്യമാകും. കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും.സപ്ലൈകോയുടെ അഞ്ച് ഡിപ്പോകള്‍ക്കു കീഴിലാണ് പാക്കിങ് പുരോഗമിക്കുന്നത്. കൊച്ചി, എറണാകുളം, പറവൂര്‍, പെരുമ്ബാവൂര്‍, മുവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. എറണാകുളം ഡിപ്പോയ്ക്കു കീഴില്‍ 24 പാക്കിങ്് സെന്ററുകളുണ്ട്. ഓരോ ഡിപ്പോകള്‍ക്കു കീഴിലുമുള്ള 20 ലധികം പാക്കിങ് സെന്ററുകളില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങളും തയാറായി. പഞ്ചസാര, പയറു വര്‍ഗങ്ങള്‍, പരിപ്പ് തുടങ്ങിയവയാണ് പാക്കറ്റുകളില്‍ നിറക്കാനുള്ളത്. വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവയെല്ലാം പാക്കറ്റുകളിലായാണ് ഡിപ്പോകളിലെത്തുന്നത്.ആഗസ്റ്റ് ഒന്നു മുതല്‍ നേരത്തേയുള്ള മുന്‍ഗണനാക്രമമനുസരിച്ചു തന്നെ കിറ്റുകള്‍ വിതരണം ആരംഭിക്കും. അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട മഞ്ഞ കാര്‍ഡുടമകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുക. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട പിങ്ക് കളര്‍ കാര്‍ഡുടമകള്‍ക്ക് രണ്ടാം ഘട്ടത്തിലും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ പെട്ട നീല കാര്‍ഡുടമകള്‍ക്ക് മൂന്നാം ഘട്ടത്തിലും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട വെള്ള കളര്‍ കാര്‍ഡുടമകള്‍ക്ക് നാലാം ഘട്ടത്തിലും കിറ്റുകള്‍ വിതരണം ചെയ്യും.