Wednesday, April 24, 2024
keralaNews

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കേരളത്തില്‍ മഴ കനത്തു.

കേരളത്തില്‍ മഴ കനത്തതോടെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍, കര്‍ണാടക, തമിഴ്‌നാട്, മാഹി എന്നിവിടങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. അടുത്ത പന്ത്രണ്ട് മണിക്കൂറില്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും.
അറബിക്കടലില്‍ ലക്ഷദ്വീപിലെ കവരത്തിയോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടത്.

തെക്കന്‍ ജില്ലകളിലാണ് നിലവില്‍ കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടത്. എന്നാല്‍ വരും മണിക്കൂറുകളില്‍ സംസ്ഥാന വ്യാപകമായി മഴ പെയ്യും.