Thursday, March 28, 2024
keralaNews

അയ്യപ്പ ധര്‍മ്മം ലോകത്തിന് മാതൃക: ആന്റോ ആന്റണി എംപി

റാന്നി: അയ്യപ്പധര്‍മ്മം ലോകത്തിനാകമാനം ക്ഷേമവും സമാധാനവും പ്രദാനം ചെയ്യുന്നതാണെന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന എല്ലാ സേവന പ്രവര്‍ത്തനങ്ങളും അയ്യപ്പന്റെ പാദപൂജയ്ക്കു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. റാന്നിയില്‍ നടക്കുന്ന അയ്യപ്പ ഭാഗവത സത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് ആന്റോ ആന്റണി എംപി, ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്രം നാടിന്റെ ഐശ്വര്യവും കീര്‍ത്തിയും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നവംമ്പര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ റാന്നി വൈക്കം മണികണ്ഠനാല്‍ത്തറക്ക് സമീപമാണ് സത്രം നടക്കുക. ശനീശ്വരപൂജ, ശനിദോഷ നിവാരണ യജ്ഞം, അയപ്പഭാഗവത യജ്ഞം, നവഗ്രഹ പൂജ, ശ്രീ ചക്ര നവാവരണ പൂജ പ്രഭാഷണങ്ങള്‍ തുടങ്ങി നിരവധി ആദ്ധ്യാത്മിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ എം പി സുരേഷ് ഗോപി, ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേശ്വരര്, പി ജി ശശികുമാര വര്‍മ്മ, പി എന്‍ നാരായണ വര്‍മ്മ തുടങ്ങിയവരാണ് മഹാ സത്രത്തിന്റെ രക്ഷാധികാരികള്‍.
അഡ്വ. ടി ആര്‍ രാമനാഥന്‍, പ്രൊഫ: ശബരീനാഥ് ദേവിപ്രിയ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അയ്യപ്പ ഭാഗവത യജ്ഞത്തില്‍, നവഗ്രഹ സംഗീതാര്‍ച്ചനയോടു കൂടിയ നവ ഗ്രഹ യജ്ഞവും മഹാ നവഗ്രഹ ഹോമവും, സംഗീതാര്‍ച്ചനയും നടക്കും.