Wednesday, April 24, 2024
keralaNews

അനധികൃത കൊടിമരങ്ങള്‍ പാതയോരങ്ങളില്‍ നിന്നും മാറ്റാന്‍ ജില്ലാ കളക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം.

അനധികൃത കൊടിമരങ്ങള്‍ പാതയോരങ്ങളില്‍ നിന്നും  മാറ്റാന്‍ ജില്ലാ കളക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം.ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാന്‍ ആണ് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എടുത്ത നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അനധികൃത കൊടിമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എങ്കില്‍ എന്തുകൊണ്ട് നിയമപരമായ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു.എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ
മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ നയം രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും സമയം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ക്ക് എതിരെ ജില്ല കളക്ടര്‍മാര്‍ നടപടി എടുക്കാത്തത് എന്തെന്നും കോടതി ചോദിച്ചു . ശേഷമാണ് കൊടിമരങ്ങള്‍ മാറ്റാന്‍ ജില്ലാ കളക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.