Thursday, March 28, 2024
educationkeralaNews

അദ്ധ്യയനത്തിന് മികച്ച സാഹചര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: അദ്ധ്യയനത്തിന് മികച്ച സാഹചര്യവും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച രണ്ട് വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും മന്ത്രി വി. ശിവന്‍കുട്ടി.

കൊറോണ പ്രതിസന്ധിക്ക് ശേഷം സമ്പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വാക്കുകള്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെതായി പുറത്തിറക്കിയ വീഡിയോയിലൂടെയാണ് മന്ത്രി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്.

രണ്ട് വര്‍ഷമായി എന്തെങ്കിലും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ മറികടക്കാനുളള ഘട്ടമാണ് വന്നിരിക്കുന്നത്. മികച്ച അദ്ധ്യയനത്തിന് എല്ലാ സാഹചര്യവും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.

കൊറോണയുടെ അതിതീവ്ര ഘട്ടം കഴിഞ്ഞ് മറ്റൊരു അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്ക് നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.

എന്നാല്‍ വേറിട്ട വഴി വെട്ടി മുന്നോട്ടുപോകാന്‍ നമുക്ക് ആയി. നേട്ടങ്ങളുടെ കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് പ്രിയപ്പെട്ട കുഞ്ഞുങ്ങളോടാണ് നന്ദിയും കടപ്പാടും ഉളളതെന്നും മന്ത്രി പറഞ്ഞു.

രാവിലെ 9.30ന് കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതേസമയം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും.