Friday, March 29, 2024
Editorial

” അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി… ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം ” 

 ” കേരള ബ്രേക്കിംഗ് ന്യൂസിന്റെ             ക്രിസ്തുമസ് ആശംസകൾ

ശാന്തിയുടെയും സമാധാനത്തിന്റേയും പ്രതീക്ഷയുടേയും തിരുനാളായ ക്രിസ്തുമസ് വീണ്ടും ആഗതമായിരിക്കുകയാണ്. മനസ്സിന് മധുരവും, ഓർമ്മകൾക്ക് ഒരായിരം സുഗന്ധവും , കാഴ്ചകൾക്ക്  വർണ്ണതിളക്കവും നൽകുന്ന ഈ പുണ്യദിനത്തിലായിരുന്നു  ഉണ്ണിയേശുവിന്റെ ജനനം.തണുത്തുറഞ്ഞ പ്രകൃതിയുടെ സുന്ദരമായ രാവുകൾക്ക് പുണ്യത്തിന്റെയും – പാപമോചനത്തിന്റേയും സന്ദേശം നൽകിയായിരുന്നു ബത് ലഹേമിലെ കാലിത്തൊഴുത്തിലായിരുന്നു
ഉണ്ണിമിശിഹായെ ഭൂജാതനായത്.സമൂഹത്തിന്റെ  മുഖ്യധാരയിൽ നിന്ന് അകറ്റി  നിർത്തപ്പെട്ട  പാവപ്പെട്ട ആട്ടിടയൻമാർക്കിടയിലൂടെ ലോകത്തിന് പ്രകാശം പരത്തി ആ ദൈവം സർവ്വദുഖങ്ങളും സ്വയം ഏറ്റു വാങ്ങി മനുഷ്യർക്ക് ശാന്തിയുടെ സമാധാനത്തിന്റെ പ്രത്യാശ പകരുകയായിരുന്നു.ക്രിസ്തുമസ് ലോകത്തിന് ദൈവം തമ്പുരാൻ നൽകിയ എളിമയുടേയും ലാളിത്യത്തിന്റേയും മഹത്തായ സന്ദേശമാണ്. പകയും – വിദ്വേഷവും ഇല്ലാത്ത പരസ്പരം സഹായിക്കാനും , വിശ്വസിക്കാനും ഒരുമിച്ച് ജീവിക്കാനും കഴിയുന്ന നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.
ആർഭാടവും ആഘോഷങ്ങളും കുറച്ച് വേദനിക്കുന്നവന്റെ പ്രത്യേകിച്ച് പ്രളയ ദുരന്തത്തിലും – കോവിഡ് മഹാമാരിയിലും സർവ്വതും  നഷ്പ്പെട്ടവന്റെ കൂടെ നിന്ന് ജീവിത യാത്രയിൽ കൈ കോർക്കാം. കണ്ണുകൾ ചിമ്മുന്ന നക്ഷത്രങ്ങളുടെ വശ്യതയിൽ ആഘോഷ രാവിൽ മാലാഖമാരോടൊപ്പം നമുക്കും പാടാം..  ” അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി …..ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം. ” ആ ഒത്തൊരുമയ്ക്ക് ഒപ്പം” കേരള ബ്രേക്കിംഗ് ന്യൂസിന്റെ ” ഒരായിരം ആശംസകൾ നേരുന്നു.