Saturday, April 20, 2024
keralaNewsObituary

അട്ടപ്പാടി മധു വധക്കേസ് ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി. കേസിലെ 11-ാം പ്രതി ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് പ്രതികള്‍ കോടതിയുടെ മുന്നില്‍ കീഴടങ്ങിയത്.സിദ്ധിഖ്, മരക്കാര്‍, അനീഷ്, ബിജു, അടക്കമുള്ളവരുടെ ഹര്‍ജികളാണ് തളളിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.  11 ആം പ്രതി ഷംസുദ്ദീനിന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു. അട്ടപ്പാടി മധുകൊലക്കേസില്‍ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46 ആം സാക്ഷി അബ്ദുല്‍ ലത്തീഫാണ് കൂറുമാറിയത്. പ്രതികള്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്നായിരുന്നു അബ്ദുല്‍ ലത്തീഫ് ആദ്യം നല്‍കിയ മൊഴി. ഇതാണ് വിചാരണക്കോടതിയില്‍ തിരുത്തിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീര്‍ എന്നിവരുടെ അച്ഛനാണ് അബ്ദുല്‍ ലത്തീഫ്. എന്നാല്‍, ഇന്ന് വിസ്തരിച്ച 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികള്‍ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷമാകും വിസ്താരം. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്. ഇതില്‍ ഇതുവരെ 22 സാക്ഷികള്‍ കൂറുമാറി.