Tuesday, April 23, 2024
indiaNews

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം

അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ബിഹാറില്‍ പ്രതിഷേധം. രാജ്യത്തിന്റെ മറ്റിടങ്ങളിലേയ്ക്ക് പ്രതിഷേധം വ്യാപിക്കുന്നു. ബിഹാറില്‍ റോഡ്, റെയില്‍ ഗതാഗതം രണ്ടാം ദിവസവും തടസപ്പെട്ടു. പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ത്തു. ആശങ്ക പരിഹരിക്കണമെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. സൈന്യത്തില്‍ വന്‍പരിവര്‍ത്തനമുണ്ടാക്കുന്ന പരിഷ്‌ക്കാരമാണെന്ന് പദ്ധതിയെ പിന്തുണച്ച് നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി പറഞ്ഞു.

സായുധസേനയില്‍ നാലു വര്‍ഷത്തെ നിയമനത്തിനായുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിന്റെ വിവിധ ഇടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം രണ്ടാം ദിവസത്തേയ്ക്ക് കടക്കുമ്പോള്‍ ശക്തമാകുകയാണ്. ജഹാനാബാദ്, ഛപ്ര, നവാഡ, മുംഗേര്‍ തുടങ്ങിയ ഇടങ്ങളില്‍ വന്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ കല്ലേറുണ്ടായി. ദേശീയപാതകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. റോഡുകളും റെയില്‍വേപ്പാളങ്ങളും ഉപരോധിച്ചു. പ്രതിഷേധം രാജസ്ഥാനിലേയ്ക്കും ഹരിയാനയിലേയ്ക്കും വ്യാപിച്ചു. സേനയിലേയ്ക്കുള്ള മുഴുവന്‍ നിയമനവും അഗ്‌നിപഥ് വഴിയാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രതിഷേധങ്ങള്‍ക്ക് മുഖ്യകാരണം. അഗ്‌നിപഥ് വഴി നിയമനം ലഭിക്കാനുള്ള പ്രായപരിധി 21 വയസായതിനാല്‍ ഇപ്പോള്‍ റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്ന പലര്‍ക്കും അവസരം നഷ്ടമാകുമെന്ന ആശങ്കയും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. നാലുവര്‍ഷം അഗ്‌നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരം നിയമനം ലഭിക്കൂ. ഇത് തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അഗ്‌നിവീറുകള്‍ക്ക് മറ്റു ജോലികളില്‍ 20 മുതല്‍ 30 ശതമാനം സംവരണം വേണമെന്നും ആവശ്യമുണ്ട്.അഗ്‌നിപഥ് സായുധസേനകളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധിയും സേന നിയമനം പരീക്ഷണശാലയാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വിമര്‍ശിച്ചു. യുവാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ച് വരുണ്‍ ഗാന്ധി പ്രതിരോധമന്ത്രിക്ക് കത്തുനല്‍കി.