Saturday, April 20, 2024
keralaNewsObituary

അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ വിട വാങ്ങി

അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ വിട വാങ്ങി. 107 വയസായിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിഅമ്മ നൂറ്റിയാറാം വയസിലാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അക്ഷര മുത്തശി എന്നാണ് അറിയപ്പെട്ടിരുന്നത്. നൂറ്റിയഞ്ചാം വയസിലും 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് മുത്തശി അന്ന് തിളക്കമാര്‍ന്ന വിജയം നേടിയത്.ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഒമ്പതാം വയസില്‍ ഭഗീരഥി അമ്മ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. തുടര്‍ന്നാണ് നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യത പരീക്ഷ പഠിച്ച് പാസാകുന്നത്. ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു.നാരീശക്തി പുരസ്‌കാര ജേതാവാണ്.