രണ്ടാം ഏകദിനത്തില്‍ ബംഗ്ലദേശിന് വിജയം.

രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യയ്ക്ക് തോല്‍വി. അഞ്ച് റണ്‍സിനാണ് ബംഗ്ലദേശിന്റെ വിജയം.ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ബംഗ്ലദേശ് 20ന് സ്വന്തമാക്കി. ബംഗ്ലദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. അവസാന പന്തുവരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍മാരായ വിരാട് കോലിയും (ആറ് പന്തില്‍ അഞ്ച്), ശിഖര്‍ ധവാനും (പത്ത് പന്തില്‍ എട്ട്) തുടക്കത്തില്‍ തന്നെ പുറത്തായത് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായി.ശ്രേയസ് അയ്യരുടെ രക്ഷാപ്രവര്‍ത്തനം ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 102 പന്തുകളില്‍ 82 റണ്‍സാണ് അയ്യര്‍ നേടിയത്. മെഹ്ദി ഹസന്റെ പന്തില്‍ അഫിഫ് ഹുസൈന്‍ ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. വാഷിങ്ടന്‍ സുന്ദറിനും (19 പന്തില്‍ 11), കെ.എല്‍. രാഹുലിനും (28 പന്തില്‍ 14) തിളങ്ങാനായില്ല. 56 പന്തില്‍ 56 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ എബദത്ത് ഹുസൈന്റെ പന്തില്‍ ഷാക്കിബ് അല്‍ ഹസന്‍ ക്യാച്ചെടുത്തു മടക്കി. വാലറ്റത്ത് ബാറ്റു ചെയ്യാനെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയെ വിജയത്തിന് അടുത്തുവരെയെത്തിച്ചു. അവസാന രണ്ടു പന്തുകളില്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ അഞ്ചാം പന്ത് രോഹിത് സിക്‌സടിച്ചെങ്കിലും ആറാം പന്തിലെ യോര്‍ക്കര്‍ ഗാലറിയിലെത്തിക്കാന്‍ രോഹിത്തിനു സാധിച്ചില്ല. ഫലം ഇന്ത്യയ്ക്ക് അഞ്ചു റണ്‍സിന്റെ തോല്‍വി. 28 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 51 റണ്‍സെടുത്തു. ഷാര്‍ദൂല്‍ താക്കൂര്‍ (23 പന്തില്‍ ഏഴ്), ദീപക് ചാഹര്‍ (18 പന്തില്‍ 11), മുഹമ്മദ് സിറാജ് 12 പന്തില്‍ രണ്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. ബംഗ്ലദേശിനായി എബദത്ത് ഹുസൈന്‍ മൂന്നും മെഹ്ദി ഹസന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. മുസ്തഫിസുര്‍, മഹ്‌മൂദുല്ല എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷട്ത്തില്‍ 271 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ മെഹ്ദി ഹസ്സന്‍ (83 പന്തില്‍ 100) മഹമൂദുല്ല (96 പന്തില്‍ 77) യുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് ബംഗ്ലദേശിനെ കരകയറ്റിയത്. മെഹ്ദി ഹസ്സന്റെ കന്നിസെഞ്ചറിയാണിത്. വാഷിങ്ടന്‍ സുന്ദര്‍ പത്ത് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.