വയനാട്: മുട്ടില്‍ മരംമുറിക്കേസില്‍, മരംമുറിക്കാന്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാന്‍ സമീപിച്ചത്. എന്നാല്‍, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നല്‍കിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകള്‍ വ്യക്തമാക്കി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകള്‍ ശരിയെന്ന് ഭൂവുടമകളുടെ വെളിപ്പെടുത്തല്‍. മരംമുറിക്കാന്‍ സ്വമേധയാ അപേക്ഷ നല്‍കിയിരുന്നില്ല. പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയില്‍ കാണിച്ച ഒപ്പുകള്‍ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകള്‍ ശരിയാക്കാന്‍ കൂടുതല്‍ പണം വേണം. അതിനാല്‍ കുറഞ്ഞ വിലയെ നല്‍കാനാകൂ എന്നും പറഞ്ഞു.’ ഭൂവുമകള്‍ വ്യക്തമാക്കുന്നു. മരംമുറിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിയും കൂട്ടാളികളും സമീപിച്ചത്. ആദ്യം എത്തിയത് ഇടനിലക്കാരാണ്. പാതിസമ്മതം ഉറപ്പായശേഷം റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തിന് ഭൂവുടമകള്‍ക്ക് നല്‍കിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകള്‍ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നല്‍കുന്നതെന്നും ഭൂവുടമകളെ പറഞ്ഞു പറ്റിച്ചു. ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകള്‍ പറഞ്ഞു. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിന്‍ ഏഴു കര്‍ഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. മുട്ടില്‍ സൌത്ത് വില്ലേജില്‍ നിന്നും ഈ വ്യാജ അപേക്ഷകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് എതിരായ കൂടുതല്‍ കണ്ടെത്തലുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇനി, പൊലീസിന്റെയും വനംവകുപ്പിന്റെയും കുറ്റപത്രമാണ് അടുത്ത ഘട്ടം. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പും സ്വീകരിച്ചാല്‍ മുട്ടില്‍ മരംമുറിയിലെ പ്രതികള്‍ കനത്ത നിയമനടപടി നേരിടേണ്ടിവരും.