ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി എസിപി ആത്മഹത്യ ചെയ്തു

പുണെ: ഭാര്യയെയും – സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ എസിപിയായ ഭരത് ഗെയ്ക്വാദ് (54) ആണ് മരിച്ചത്. ഭാര്യ മോനി (44), സഹോദര പുത്രന്‍ ദീപക്ക് (35) എന്നിവരെ വെടിവച്ച ശേഷം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.  ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പുണെയിലെ ബാലേവാഡിയിലാണ് എസിപിയുടെ വീട്. പുലര്‍ച്ചെ വീട്ടിലെത്തിയ എസിപി സര്‍വീസ് റിവോള്‍വര്‍ ഉപയോ?ഗിച്ച് വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ചതുര്‍ശൃംഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവധിയിലായ എസിപി ശനിയാഴ്ച ലക്ഷ്മണ്‍ നഗറിലെ വീട്ടിലെത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ പറയുന്നത്. പുലര്‍ച്ചെ 3.15 ഓടെ തന്റെ സ്വകാര്യ പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ ഭാര്യയ്ക്കും മരുമകനും നേരെ വെടിയുതിര്‍ ശേഷം സ്വയം വെടിവെച്ചെന്നും പൊലീസ് സംശയിക്കുന്നു. എസിപിയുടെ അമ്മയും രണ്ട് ആണ്‍മക്കളും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. വെടിയൊച്ച കേട്ട വീട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി നടപടി ക്രമം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശികാന്ത് ബോറാട്ടെ പറഞ്ഞു.