ബ്രഹ്‌മദത്തന് ഇനി മദപ്പാടിന്റെ ദിനങ്ങള്‍ :ഓമനച്ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍……..

പാപ്പാന്‍മാര്‍ നാല് പേര്‍ ഉണ്ടയിരുന്നുവെങ്കിലും പല്ലാട്ട് ബ്രഹ്‌മദത്തന് മദപ്പാടിന്റെ ദിനങ്ങളില്‍ ”മോനേ” എന്ന വിളിച്ച് പരിചരണം നല്‍കിരുന്ന ഓമനച്ചേട്ടന്‍ ഇന്നില്ല.കാല്‍നൂറ്റാണ്ടിന് മുമ്പ് അരുണാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തിലെ താപ്പാനായായിരുന്ന ബ്രഹ്‌മദത്തനെ കോട്ടയം പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗ്ഗീസാണ് ആദ്യം വാങ്ങുന്നത്. പുതുപ്പള്ളിയിലേക്ക് ബ്രഹ്‌മദത്തനെത്തിയത് മുതല്‍ ഒപ്പം ചേര്‍ന്ന ചട്ടക്കാരനാണ് ഓമനച്ചേട്ടന്‍. പിന്നീട് 1999-ല്‍ പാലാ ഭരണങ്ങാനം അമ്പാറയിലെ പല്ലാട്ട് വീട്ടിലേക്ക് ബ്രഹ്‌മദത്തന്‍ എത്തുന്നത്. അപ്പോഴും ചട്ടക്കാരനായി ഓമനച്ചേട്ടനും ഒപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ 25 വര്‍ഷമായി ഒരു വടിയോ ചെറുതോട്ടിയോ കൈയ്യില്‍ കരുതാതെ ഒരാനയെ കൊണ്ടുനടക്കാന്‍ കഴിയണമെങ്കില്‍ അത് പാപ്പാനും ആനയും തമ്മിലുള്ള ഇഴപിരിയാത്ത ആത്മബന്ധമാണ്. ഈ ആത്മബന്ധമാണ് ഓമനച്ചേട്ടന്റെ വേര്‍പാടില്‍ കുന്നക്കാട്ട് വീട്ടില്‍ നടന്നത്.

അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ ബ്രഹ്‌മദത്തനെ മലയാളം പഠിപ്പിക്കാന്‍ ഓമനച്ചേട്ടന്‍ ഏറെ കഷ്ടപ്പെട്ടു.സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാപ്പാമാര്‍ വടിയും – തോട്ടിയുമായി നടക്കേണ്ടി വരും.

ഓരോ അടിയിലൂടെയാണ് പാപ്പാന്‍ പറയുന്ന മലയാളം വാക്കുകളുടെ അര്‍ത്ഥം ആനകള്‍ തിരിച്ചറിയുന്നത്. പക്ഷേ ഇത് ഒന്നുമില്ലതെ സ്നേഹവും, തലോടലും കൊണ്ട് മോനെ എന്നുവിളിക്കുമ്പോള്‍ എല്ലാം മനസ്സിലാക്കിയായ ബ്രഹ്‌മദത്തന്‍ അങ്ങനെ കേരളത്തിന്റെ ഗജരാജനായി മാറി. ഉത്സവപ്പറമ്പില്‍ എഴുന്നള്ളിച്ചു നില്ക്കുമ്പോള്‍ മാത്രമാണ് ഓമനച്ചേട്ടന്‍ ബ്രഹ്‌മദത്തന്റെയടുത്ത് വടിയുമായി നില്ക്കുന്നത്. ഇത് പാപ്പാന്റെ ഉറപ്പിനോ ബ്രഹ്‌മദത്തന്റെ അനുസരണയ്ക്കോ വേണ്ടിയല്ല. കാഴ്ചക്കാരായെത്തുന്ന നാട്ടുകാരുടെ ഒരുറപ്പിനുവേണ്ടി മാത്രം. മദപ്പാട് കാലത്ത് മാത്രമാണ് ബ്രഹ്‌മദത്തനെ അനുസരിപ്പിക്കാന്‍ ഓമനച്ചേട്ടനെ വടിയുമായി കണ്ടിട്ടുള്ളൂവെന്ന് ആനയുടമ അഡ്വ. രാജേഷ് പല്ലാട്ട് കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.   നീരിലാണെങ്കിലും ബ്രഹ്‌മദത്തന്റെയടുത്തെത്തി തീറ്റ കൊടുക്കാനും തൊട്ടുതലോടാനും ഓമനച്ചേട്ടനും മാത്രമേ സാധിക്കുമായിരുന്നുള്ളു.ചങ്ങല്ലയില്‍ തളച്ചിടാതെ ബ്രഹ്‌മദത്തന്‍ തറവാടിന്റെ മുറ്റത്ത് നില്ക്കുമ്പോള്‍ പല്ലാട്ടെ കമലമ്മയുടെ നാല് ആണ്‍മക്കള്‍ക്ക് ഒപ്പം ഇവനും ഈ അമ്മയുടെ മകനാണെന്ന് തോന്നും. അത്രക്ക് സ്നേഹവും അനുസരണയുമാണെന്ന് പല്ലാട്ടെ സഹോദരങ്ങളായ സുരേഷ്, സതീഷ്, മനോജ്, രാജേഷ് എന്നിവര്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.

കമലമ്മ തന്റെ മക്കള്‍ക്ക് നല്കുന്ന ഭക്ഷണം എന്തയാലും അതിന്റെ ഒരുപങ്ക് ബ്രഹ്‌മദത്തനും ഉള്ളതാണ്. ഉത്സവ പറമ്പുകളില്‍ ആനകള്‍ കുസൃതികാട്ടുന്നതും,വിരണ്ട് ഓടുന്നതും പതിവാണ്. 2003 വാടനാപള്ളി തൃത്തല്ലുര്‍ പൂരത്തിനിടയില്‍ ഗൂരുവായുര്‍ ജൂനിയര്‍ വിഷ്ണു എന്നയാന ഓമനച്ചേട്ടനെ തട്ടി താഴെയിടുമ്പോള്‍ താപ്പാനയായി പരീശിലനം ലഭിച്ച ബ്രഹ്‌മദത്തന്‍ ഉടനടി തന്റെ ശൗര്യം പുറത്തെടുത്ത് തുമ്പിക്കൈ നീട്ടി ഓമനച്ചേട്ടനെ രക്ഷപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. കൂടമാളൂര്‍ രാഘവന്‍ നായരുടെ കീഴില്‍ ആനചട്ടം പഠിച്ച്, ആനപാപ്പാന്‍മാരുടെ ഇടയില്‍ ഭീഷ്മാചാര്യനായി അറിയപ്പെട്ടിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ദാമോദരന്‍ നായര്‍ എന്ന ഓമനച്ചേട്ടന്‍ ബ്രഹ്‌മദത്തന്റെ ഒന്നാം പാപ്പാനായതും ഒരു നിയോഗമാണ്. നഗരവീഥിയിലൂടെ കൈകള്‍ വീശി നടക്കുന്ന ഓമനച്ചേട്ടന് പിന്നാലെ തോട്ടിയും വടിയും കടിച്ചുപിടിച്ച് നീങ്ങുന്ന ബ്രഹ്‌മദത്തന്‍ ആന പ്രേമികളെ അത്ഭുപ്പെടുത്തിട്ടുണ്ട്.  ഓമനച്ചേട്ടനും – ബ്രഹ്‌മദത്തനും പരസ്പരം സ്നേഹം കൊടുത്ത് സ്നേഹം വാങ്ങിയവരായിരുന്നു. ബ്രഹ്‌മദത്തന് ഉണ്ടായിരുന്ന ചെവിയുടെ വൈകല്യം വര്‍ഷങ്ങളുടെ കഠിനമായ ചികിത്സയിലൂടെ ഓമനച്ചേട്ടന്‍ ഭേദപ്പെടുത്തിയതും ഇരുവരുടെയും സ്നേഹബന്ധത്തിന് ആക്കം കൂട്ടിയിരുന്നു. തനിക്ക് പിതാവിന് തുല്യം സ്നേഹം നല്കി ഓമനച്ചേട്ടന്‍ വിട പറഞ്ഞ ദിവസം അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വിട്ടിലെത്തിയ ബ്രഹ്‌മദത്തന്റെ കണ്ണുകള്‍ നിറഞ്ഞതും കാണികളെ കരയിപ്പിച്ചു. സോഷ്യല് മിഡീയയിലൂടെ കേരളകരയുടെ ഗജകസ്തുഭം ബ്രഹ്‌മദത്തന്‍ തന്റെ പീതൃതുല്യനായ ഓമനച്ചേട്ടനന്റെ മൃതദേഹം കണ്ട് നില്‍ക്കുന്ന ആ കാഴ്ച മലയാളികള്‍ വിതുമ്പി.ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ എല്ലാം നെറ്റി പട്ടം കെട്ടി തിടമ്പേറ്റുന്ന ഈ ലക്ഷണമെത്ത ഗജവീരന് ആരാധകരും അനവധിയാണ്. ഇതിനിടെ നിരവധി പുരസ്‌കാരവും, ആദരവുകളും ബ്രഹ്‌മദത്തനെ തേടിയെത്തി.ഏത് പുരസ്‌കാരങ്ങള്‍ക്കും ആദരവിനും അപ്പുറം ബ്രഹ്‌മദത്തന്‍ ഓമനച്ചേട്ടന്റെ തലോടലിനായി അവന്‍ വില കല്പിച്ചിരുന്നു.ഈ നീരു കാലത്ത് ബ്രഹ്‌മദത്തനെ പരിചരിക്കാന്‍ ഓമനച്ചേട്ടനോളം ഏന്തെയാലും മറ്റാര്‍ക്കും കഴിയില്ല. എന്നാലും നിലവിലുള്ള മൂന്ന് പാപ്പാന്‍മാരുടെ സഹായത്തോടെ ബ്രഹ്‌മദത്തനെ പൂര്‍ണ്ണമായും പരിചരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും പല്ലാട്ട് രാജേഷ് പറഞ്ഞു.