ട്വിറ്ററിന് പുതിയ പേരും ലോഗോയും

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡ് നാമങ്ങളില്‍ ഒന്നായ ട്വിറ്റര്‍ നീല കിളിയുടെ ലോഗോ ഇനിയില്ല,ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്‌സ് മാറുമെന്നും ട്വിറ്റര്‍ സിഇഒ ലിന്‍ഡ യക്കാറിനോ പ്രതികരിച്ചു. ട്വിറ്ററില്‍ നിന്ന് എക്‌സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌കും സംഘവും പുതിയ എക്‌സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാന്‍ഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്.
പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്‌സൈറ്റില്‍ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. മൊബൈല്‍ ആപ്പുകളില്‍ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്‌സ് മാറുമെന്നും ട്വിറ്റര്‍ സിഇഒ ലിന്‍ഡ യക്കാറിനോ പ്രതികരിച്ചു. മാറ്റത്തിനെതിരെ വിമര്‍ശനവുമായി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. മറ്റൊരു കമ്പനിക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒരു റീ ബ്രാന്‍ഡിങ്ങ്. എക്ല് എന്ന അക്ഷരത്തിനോട് മസ്‌കിനുള്ള പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എക്‌സ്. കോം എന്ന ഓണ്‍ലൈന്‍ ബാങ്കിങ്ങ് വെബ്‌സൈറ്റുമായാണ് മസ്‌ക് ഐടി രംഗത്ത് ആദ്യമായി ചുവടുറപ്പിച്ചത്. എക്‌സും കോണ്‍ഫിനിറ്റിയും ചേര്‍ന്ന് പിന്നീട് പേ പാലായി മാറി. പേ പാലിനെ വിറ്റപ്പോള്‍ എക്‌സ്.കോം എന്ന ഡൊമൈന്‍ മസ്‌ക് സ്വന്തം പേരിലാക്കി. ഇപ്പോള്‍ ട്വിറ്റര്‍ ചുരുങ്ങുന്നത് ആ ഡൊമെയ്‌നിലേക്കാണ്. എക്‌സ്,കോം എന്ന് ടൈപ്പ് ചെയ്താല്‍ ഇപ്പോള്‍ ട്വിറ്റര്‍.കോമിലേക്ക് വഴി തുറക്കും. വൈകാതെ എക്‌സ്.കോം ആ സമൂഹമാധ്യമത്തിന്റെ ഒന്നാം വിലാസമായി മാറും. ട്വിറ്ററെന്ന പേരും ഓര്‍മ്മയാകും. ചൈനയിലെ വീചാറ്റ് മാതൃകയില്‍ പണമിടപാടും, മെസേജിങ്ങും, വീഡിയോയും എല്ലാം ഒത്തു ചേരുന്നൊരു സൂപ്പര്‍ ആപ്പാണ് മസ്‌കിന്റെ സ്വപ്നം. ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളില്‍ പേര് മാറ്റം എങ്ങനെ നടപ്പാക്കുമെന്നാണ് ഇനി അറിയേണ്ടത്. ഇത്രയും ഡൗണ്‍ലോഡുകളുള്ള ഒരു ആപ്പിന്റെ പേര് പെട്ടന്ന് അങ്ങ് മാറ്റുന്നത് എളുപ്പമാവില്ല. ഒരു സംവിധാനത്തെ ആകെ പൊളിച്ചു പണിയുന്നതിന്റെ സാങ്കേതികത്വത്തിലും വലിയ വെല്ലുവിളിയാണ് പൊതുജനത്തിന്റെ മനസില്‍ പതിഞ്ഞ ബ്രാന്‍ഡ് നാമവും, അതിനോട് ചേര്‍ന്ന് പ്രയോഗത്തിലുള്ള പദപ്രയോഗങ്ങളും പൊളിച്ചു കളയുന്നത്. പേരും സ്വത്വവും നഷ്ടപ്പെട്ട ആപ്പില്‍ എത്ര നാള്‍ ആള്‍ക്കൂട്ടം തുടരുമെന്ന ചോദ്യവും ബാക്കിയാണ്.