ടെക് കമ്പനി സിഇഒ ആയ യുവതി ജോഗിങ്ങിനിടെ കാറിടിച്ചു മരിച്ചു.

മുംബൈ :രാവിലെ ജോഗിങ്ങിന് ഇറങ്ങിയ യുവതി അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് മരിച്ചു. മുംബൈയിലാണ് സംഭവം. ടെക് കമ്പനിയുടെ സിഇഒ കൂടിയായ രാജലക്ഷ്മി വിജയ് എന്ന നാല്‍പ്പത്തിരണ്ടുകാരിയാണ് മരിച്ചത്. കാറിടിച്ചതിനു പിന്നാലെ വളരെ ഉയരത്തില്‍ തെറിച്ചുവീണ രാജലക്ഷ്മി, തലയ്‌ക്കേറ്റ ഗുരുതരമായ മുറിവുകളെ തുടര്‍ന്നാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നു രാവിലെ 6.30ന് വര്‍ളി മില്‍ക് ഡയറിക്കു സമീപമാണ് ദാരുണമായ അപകടം നടന്നത്. കാറിടിച്ചതിനു പിന്നാലെ വായുവില്‍ ഉയര്‍ന്നുപൊങ്ങിയ രാജലക്ഷ്മി, തലയിടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാരത്തണ്‍ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന രാജലക്ഷ്മി, അടുത്തിടെ നടന്ന ടാറ്റ മുംബൈ മാരത്തണിലും പങ്കെടുത്തിരുന്നു.സമീപത്ത് ജോഗിങ് നടത്തിക്കൊണ്ടിരുന്നവരും പൊലീസും ചേര്‍ന്നാണ് രാജലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ശിവാജി പാര്‍ക്കിനു സമീപം ജോഗിങ് നടത്തുകയായിരുന്ന രാജലക്ഷ്മിയുടെ ഭര്‍ത്താവും വിവരമറിഞ്ഞ് സ്ഥലത്തെത്തി.
അപകടം നടന്നതിനു പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്ന് കാര്‍ ഡ്രൈവര്‍ സുമേര്‍ മെര്‍ച്ചന്റിനെ (23) പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സുമേറും സുഹൃത്തും ചേര്‍ന്ന് ഇവരുടെ വനിതാ സുഹൃത്തിനെ ശിവാജി പാര്‍ക്കില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സുമേര്‍ മര്‍ച്ചന്റ് മദ്യലഹരിയിലാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.