യുഎഇയില്‍ നിന്ന് വിതരണത്തിനായി കൊണ്ടുവന്ന ഖുര്‍ആന്‍ കോപ്പികള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച വിശുദ്ധ ഖുര്‍ആന്റെ ആയിരത്തോളം കോപ്പികളാണ് തിരിച്ചേല്‍പ്പിക്കുന്നത്. അത് ഞാന്‍ വിതരണം ചെയ്താല്‍ ഏറ്റുവാങ്ങിയവര്‍ വിവിധ ഏജന്‍സികളാല്‍ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യതതള്ളിക്കളയാനാവില്ല. ആര്‍ക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ലെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുര്‍ആന്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വഖഫ്-ഹജ്ജ് മന്ത്രിയെന്ന നിലയിലാണ് യുഎഇ ഭരണകൂടം നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ സ്വീകരിച്ചത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് യുഡിഎഫും ബിജെപിയും ഉയര്‍ത്തിയ സത്യവിരുദ്ധമായ ആരോപണങ്ങള്‍ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നെന്നും ജലീല്‍ വ്യക്തമാക്കി. എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളില്‍ സൂക്ഷിച്ച ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ക്ക് രണ്ട് മെയിലുകള്‍ അയച്ചിരുന്നു. അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
അത്തരം ഒരു സാഹചര്യത്തിലാണ് ഖുര്‍ആന്‍ കോപ്പികള്‍ അവര്‍ക്ക് തന്നെ തിരിച്ച് നല്‍കാന്‍ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്. ഖുര്‍ആന്റെ മറവില്‍ ഞാന്‍ സ്വര്‍ണം കടത്തി എന്ന് നിയമസഭയില്‍ പ്രസംഗിച്ച ലീഗ് നേതാവ് കെ എം ഷാജിക്ക് പടച്ചവന്‍ പൊറുത്ത് കൊടുക്കട്ടെയെന്നും ജലീല്‍ വ്യക്തമാക്കി.
