കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. മസ്‌കറ്റിലേക്ക് പറന്ന ഒമാന്‍ എയര്‍വേയ്സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്.രാവിലെ ഒന്‍പതു മണിക്ക് ശേഷമാണ് കരിപ്പൂരില്‍ നിന്നും വിമാനം പുറപ്പെട്ടത്. വെതര്‍ റെഡാറിനാണ് തകരാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യന്ത്ര തകരാറില്ലാത്തതിനാല്‍ ആശങ്ക വേണ്ട, യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ന് അര്‍ധരാത്രിയോടെ യാത്രക്കാരുമായി വിമാനം പുറപ്പെടുമെന്നാണ് വിവരം. യാത്രക്കാരെ തത്ക്കാലത്തേക്ക് ഹോട്ടലിലേക്ക് മാറ്റും.