കണമലയില്‍ കാട്ടുപോത്ത് ആക്രമണം; മരിച്ച കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും.

എരുമേലി:കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. കളക്ടര്‍ പി കെ ജയശ്രീയുടെ നേതൃത്വത്തില്‍ പോലീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,പ്രതിഷേധക്കാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അടിയന്തര ധനസഹായം എന്ന നിലയില്‍ നാളെ 5 ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് നല്‍കും.പിന്നീട് മന്ത്രിസഭയുടെ ക്യാബിനറ്റ് തീരുമാനം അനുസരിച്ച് ധനസഹായം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. കൂടാതെ വനംവകുപ്പിന്റെ ആര്‍ ഐ എഫ് ടീമിന്റെ നേതൃത്വത്തില്‍ മേഖലയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് എരുമേലി കണമലയില്‍  രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമല സ്വദേശികളായ പുറത്തേല്‍ ചാക്കോച്ചന്‍(65), പ്ലവനാകുഴിയില്‍ ( പുന്നത്തറയില്‍ ) തോമസ് ആന്റണി (71) എന്നിവര്‍ മരിക്കുന്നത്.മരിച്ച തോമസ് ആന്റണിയുടെ സംസ്‌കാരം നാളെ (20/5 -ശനി ) ഉച്ചകഴിഞ്ഞ് 4 മണിക്ക് കണമല സെന്റ് തോമസ് പള്ളിയില്‍ നടക്കും.

കാട്ടുപോത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വനം വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധം ഉച്ചകഴിഞ്ഞ് കളക്ടര്‍ എത്തി ധനസഹായം പ്രഖ്യാപിച്ചതിനുശേഷം ആണ് അവസാനിപ്പിച്ചത്.കളക്ടര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു തൊട്ടു പിന്നാലെ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി ധനസഹായം അടക്കം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു . ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനും കളക്ടറുടെ ഉത്തരവ് നല്‍കിയിരുന്നു. ടാപ്പിംഗ് ചെയ്യുന്നതിനിടെ ആയിരുന്നു തോമസിന് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഓടിയ കാട്ടുപോത്ത് സമീപത്ത് വീടിനു മുമ്പില്‍ പേരക്കുട്ടിയുമൊത്ത് പത്രം വായിക്കുകയായിരുന്ന ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു.കോട്ടയം എഡിഎം,ആര്‍ടിഒ,കാഞ്ഞിരപ്പള്ളി . തഹസീദാര്‍,കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി,പത്തനംതിട്ട എംപി ആന്റോ ആന്റണി, എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ് ,പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, മാത്യു ജോസഫ് , മറിയാമ്മ ജോസഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.പ്രതിഷേധങ്ങള്‍ക്ക് നൂറുകണക്കിന് നാട്ടുകാരാണ് വൈകുന്നേരം വരെ പങ്കെടുത്തത്