ഓസ്‌കര്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായി എലിഫന്റ് വിസ്‌പേറേഴ്‌സ്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കറാണ് നേടിയിട്ടുള്ളത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്റ് വിസ്‌പേറേഴ്‌സ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കാര്‍ത്തിനി ഗോണ്‍സാല്‍വെസിന് സാധിച്ചു.രഘു എന്ന ആനക്കുട്ടിയുടെ കഥ നാല്‍പ്പത് മിനിറ്റ് നീളുന്ന ആവിഷ്‌കാരത്തിലൂടെ കാര്‍ത്തിനി ഗോണ്‍സാല്‍വെസ് പകര്‍ത്തി. നെറ്റ്ഫ്‌ലിക്‌സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മ്മാണം. ഇത് ജന്മനാടായ ഇന്ത്യക്ക് സമര്‍പ്പിക്കുന്നുവെന്നാണ് കാര്‍ത്തിനി ഗോണ്‍സാല്‍വെസ് ഓസ്‌കര്‍ വേദിയില്‍ പറഞ്ഞത്.